കുരുതിക്കളങ്ങളാകുന്ന കുടിയിരുപ്പ് ഗ്രാമങ്ങൾ

0
323
നാട്ടിൽ ദിവസവും വന്യമൃഗങ്ങളുടെ കടന്നുകയറ്റവും അക്രമണവും കൂടി വരുന്നു, വന്യമൃഗ അക്രമണത്തിനെതിരെ :Prince Devasia Kifa Kannur District president
കേരളത്തിൽ വന്യ-മൃഗങ്ങളുടെ കടന്നുകയറ്റം കൂടി വരുന്നു.

കണ്ണൂർ: നാട്ടിൽ ഓരോ ദിവസവും വന്യ മൃഗങ്ങളുടെ കടന്നുകയറ്റവും അക്രമണവും കൂടി വരുന്നു. ഇതുവരെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടായിട്ടില്ല. സ്വന്തം നാട്ടിൽ ഭീതിയോടുകൂടി ജീവിക്കേണ്ടി വരുന്ന സാധാരണ കർഷകരുടെ അവസ്ഥ ദയനീയമാണ്.

ഹിംസ്രമൃഗങ്ങൾ മലയോര ഗ്രാമങ്ങളും താണ്ടി പട്ടണങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. വന്യമൃഗങ്ങളുടെ അനിയന്ത്രിതമായ വംശവർദ്ധനവ് നമ്മുടെ നാട്ടിലെ ജനങ്ങളുടെ സ്വൈര്യജീവിതം തകർത്തിരിക്കുന്നു.

വയനാടും ഇടുക്കിയിലും പാലക്കാടും കണ്ണൂരും എന്ന് വേണ്ട സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും നിത്യേനയെന്നോണം ജനങ്ങൾ കൊല്ലപ്പെടുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 637 പേർ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇതിൽ 2018 മുതൽ 2022 വരെ 105 പേർ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടു എന്ന കണക്ക് നിയമസഭയിൽ വച്ചത് കൂടി കാണുമ്പോഴാണ് ഇതിന്റെ ആഘാതം പൂർണ്ണമായി മനസ്സിലാകുന്നത്.

കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതാതെ വീണ്ടും വീണ്ടും കർക്കശമാക്കി മനുഷ്യനെ തന്നെ ഉന്മൂലനം ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്.

ക്യാരിയിങ് കപ്പാസിറ്റി എന്ന കൺസെപ്റ്റ് ലോകം മുഴുവൻ പ്രാവർത്തികമായുള്ളപ്പോൾ ഇവിടെ കൺസർവേഷൻ എന്നത് മൃഗങ്ങൾക്ക് മാത്രമായുള്ളതായി അധപതിച്ചിരിക്കുന്നു.

ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.18% മാത്രം വലിപ്പമുള്ള കേരളത്തിന്റെ 30% സംരക്ഷിത വനപ്രദേശമാണ്.

ഇന്ത്യയിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള സംസ്ഥാനമായ നമ്മുടെ കേരളത്തിൽ ഈ 30% കഴിഞ്ഞുള്ള പ്രദേശത്താണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്നത്.

ഇന്ത്യയിൽ മൊത്തം ഉള്ള 25000 ആനകളിൽ 7000 ത്തോളം ആനകൾ നമ്മുടെ സംസ്ഥാനത്ത് മാത്രമാണ്.

വെറും 55 സ്ക്വയർ കിലോമീറ്റർ വലിപ്പമുള്ള ആറളം വന്യജീവി സങ്കേതത്തിൽ 60 ആനകൾക്ക് മുകളിൽ ഉണ്ട്. അതൊന്നും വനത്തിൽ അല്ല ആറളം ഫാമിൽ ആണെന്ന് മാത്രം. ആറളം വനത്തിന് ഇതിന്റെ ശേഷി താങ്ങാവുന്നതല്ല എന്നതാണ് യാഥാർത്ഥ്യം.

ആറളം പുനരധിവാസ മേഖലയിൽ മാത്രം 13 ആളുകൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലെ 5 പഞ്ചായത്തുകളിലായി പര്യടനം നടത്തിയ ഒരു കടുവയെ പിടി കൂടാൻ ശ്രമം നടത്താതെ, നിരുപദ്രവകാരി എന്ന വിശേഷണം ചാർത്തി ആറളം പുനരധിവാസ മേഖലയിലേക്ക് കയറ്റിവിടുകയുണ്ടായി.

പിന്നീട് അതേ കടുവയാണ് ചുറ്റിത്തിരിഞ്ഞ് വയനാട് പുതുശ്ശേരിയിൽ എത്തിയിട്ട് അവിടെയുള്ള ഒരു മനുഷ്യനെ കൊന്നു.

ഇത്രത്തോളം ഉണ്ട് വനംവകുപ്പിന്റെ നിഷ്ക്രിയത്വം! വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം 150 ന് മുകളിൽ കടുവകൾ ഉണ്ടെന്നാണ് കണക്ക്. വയനാട് വന്യജീവി സങ്കേതത്തിന്റെ മൊത്തം വിസ്തീർണ്ണം 344 സ്ക്വയർ കിലോമീറ്റർ ആണ്.

ഒരു കടുവയുടെ ടെറിട്ടറി എന്നത് 15 മുതൽ 20 സ്ക്വയർ കിലോമീറ്റർ എന്നിരിക്കെ, ഇവിടെ ഉൾക്കൊള്ളിക്കാൻ പറ്റുന്ന പരമാവധി കടുവകളുടെ എണ്ണം 18 ആണ്.

കടുവ ഒരു ടെറിട്ടോറിയൽ ജീവിയാണ്, ഒരു കടുവയുടെ വിഹാര സ്ഥലത്ത് മറ്റൊരു കടുവയെ അടുപ്പിക്കില്ല. ആയതിനാൽ ഇവ വ്യാപകമായി ജനവാസ മേഖലകളിൽ സ്ഥിര താമസമാക്കാൻ തുടങ്ങി.

വയനാട്ടിലെ കടുവകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് ഒരു വലിയ പ്രശ്നമാണെന്ന് ചീഫ് ഫോറെസ്റ്റ് വെറ്റിനറി സർജനായ ഡോ. അരുൺ സക്കറിയ തന്നെ സമ്മതിക്കുന്നു.

ജനവാസ മേഖലയിൽ ഇറങ്ങുന്ന മൃഗങ്ങളെ പിടികൂടാൻ ഉള്ള കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ട് (National tiger conservation authority, Guidelines for man leopard conflict management)പക്ഷേ ഇതൊന്നും നമ്മുടെ ജനപ്രതിനിധികൾക്ക് അറിയില്ല, പറയാനുള്ള ആർജ്ജവവും ഇല്ല.

വന്യമൃഗസംരക്ഷണം കർഷകന്റെ കൃഷിയിടത്തിൽ ആക്കിയ വനം വകുപ്പ് പറയുന്നത് വേദവാക്യമായി കരുതി പഞ്ച പുച്ഛം അടക്കി നിൽക്കുന്ന ജനപ്രതിനിധികൾ ആണ് നമ്മുടെ ശാപം.

കേളകം പഞ്ചായത്തിൽ രാമച്ചിയിലും പൊയ്യമലയിലും ശാന്തിഗിരിയിലും, ഇപ്പോൾ വെണ്ടേക്കുംചാൽ വരേയ്ക്കും കടുവയും പുലിയും എത്തിത്തുടങ്ങി.

എന്നാൽ ക്യാമറ സ്ഥാപിച്ച് മൃഗത്തെ ഐഡന്റിഫൈ ചെയ്ത് പിടികൂടാൻ ഉള്ള നടപടിക്രമങ്ങൾ ചെയ്യാൻ വനം വകുപ്പും, ചെയ്യിപ്പിക്കാൻ പഞ്ചായത്തും മെനക്കെട്ടില്ല.

കൊട്ടിയൂർ പഞ്ചായത്തിലെ പാലുകാച്ചിയിൽ വന്യമൃഗം വളർത്തു മൃഗത്തെ ഭക്ഷിച്ചതിനെ തുടർന്ന് സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ രണ്ടു പുലികളുടെ ദൃശ്യം പതിഞ്ഞിട്ടും NTCA യുടെ SOP പ്രകാരം പുലികളെ പിടിക്കാനുള്ള നടപടിക്രമങ്ങൾ ചെയ്യാൻ വനം വകുപ്പ് തയ്യാറായിട്ടില്ല. തന്മൂലം ഇവിടെയെല്ലാം ജനങ്ങൾ ഭയന്നാണ് ജീവിക്കുന്നത്.

സ്വന്തം പറമ്പിൽ റബ്ബർ ടാപ്പിംഗ് നടത്താനോ, കശുവണ്ടി പെറുക്കാനോ, മറ്റു കാർഷികവൃത്തികൾ ചെയ്യുവാനോ ഉള്ള സാഹചര്യം ഈ പ്രദേശങ്ങളിലില്ല. കുട്ടികളെ സ്കൂളിൽ അയക്കുന്നത് വരെ മുതിർന്നവരുടെ അകമ്പടിയോടെയാണ്.

അന്യ സംസ്ഥാനങ്ങളിൽ മനുഷ്യനെ ഉപദ്രവിക്കുന്ന മൃഗങ്ങളെ CrPC 133 പ്രകാരം വെടിവെച്ചു കൊല്ലുന്നു.

ഇവിടെ ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ ബാധ്യതയുള്ള സർക്കാർ സംവിധാനങ്ങളും, ഡിപ്പാർട്ട്മെന്റും തടയാൻ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, ഏതെങ്കിലും കർഷകൻ സ്വയം പ്രതിരോധിച്ചാൽ അവനെ കേസിൽ കുടുക്കി ഉപദ്രവിക്കാനും ശ്രമിക്കുന്നു.

രൂക്ഷമായ വന്യമൃഗശല്യത്തെ അതിജീവിക്കാൻ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) നിരന്തരമായി പറഞ്ഞുകൊണ്ടിരുന്ന ശാസ്ത്രീയമായ പരിഹാരമാർഗ്ഗങ്ങൾ ഉടനടി പ്രാവർത്തികമാക്കുന്നില്ലെങ്കിൽ മനുഷ്യജീവിതം പ്രതിസന്ധിയിൽ ആകുമെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിരിക്കുകയാണ്.

ലേഖകൻ: പ്രിൻസ് ദേവസ്യ (കിഫ കണ്ണൂർ ജില്ലാ പ്രസിഡണ്ട്)

Reporter
Author: Reporter